Monday, 7 April 2008

ലക്ഷദ്വീപ് കാഴ്ചകള്‍ - Lakshadweep

ലക്ഷദ്വീപസമൂഹത്തിലെ ഏതാനും ദ്വീപുകളിലെ ചില ദൃശ്യങ്ങള്‍

അഗത്തി ദ്വീപിലെ കടലോരം
ഒന്നിനും കൊള്ളാതെ തുരുമ്പെടുത്തു പോയ ഈ ഇരുമ്പു ബോട്ടിന് ഇനി ഇവിടെ വിശ്രമം.

ബോട്ടിന്റെ മുകള്‍ഭാഗം


വളരെ ആവേശത്തോടുകൂടിയാണ് ഈ ആമയുടെ പടമെടുക്കാന്‍ ചെന്നത്. അപ്പോഴാണറിയുന്നത് അത് തീരത്ത് ചത്തടിഞ്ഞതാണെന്ന്. ചത്ത് കിടക്കുന്നതാണെങ്കിലും കാണാന്‍ നല്ല ചന്തം.


ആമ ചത്ത് കിടക്കുന്നോ ഇല്ലേ എന്നത് കുട്ടികള്‍ക്ക് വിഷയമല്ല. ഫോട്ടൊയെടുക്കുന്നോ, പോസ് ചെയ്യാന്‍ റെഡി.


ഇദ്ദേഹം ലക്ഷദ്വീപുകളിലെ ഏക മുന്‍സിഫ് & മജിസ്ട്രേട്ട് ആയ ശ്രീ. ചെറിയ കോയ. ലക്ഷദ്വീപ് സ്വദേശിയായ ഇദ്ദേഹം 11 വര്‍ഷത്തോളമായി ലക്ഷദ്വീപുകളില്‍ സര്‍വീസിലുണ്ട്.



ബങ്കാരം ദ്വീപിലേക്കൊരു ബോട്ടുയാത്ര. മുമ്പിലിരിക്കുന്ന ആ പയ്യന്‍ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് അവിടെയിരിക്കുന്നതെന്ന് ആദ്യം തോന്നി. പക്ഷെ, അയാളാണ് വെള്ളത്തിനടിയിലുള്ള പാറക്കെട്ടുകള്‍ നോക്കി പിന്നിലുള്ള ഡ്രൈവര്‍ക്ക് സിഗ്നല്‍ കൊടുക്കുന്നത്. പുറങ്കടലിലെ തിരയില്‍ ബോട്ട് ആടിയുലയുമ്പോള്‍ ഏറ്റവുമധികം ചാഞ്ചാടുന്നത് ഇയാളായിരിക്കും.


അഗത്തി ദ്വീപിന്റെ തെക്കെ അറ്റത്തുള്ള വാച് ടവര്‍. ഈ ചിത്രത്തില്‍ കടല്‍ വെള്ളം രണ്ട് നിറത്തില്‍ കാണാം. ഇളം പച്ച നിറത്തില്‍ കാണുന്ന ഭാഗമാണ് ലഗൂണ്‍. ലഗൂണിനെക്കുറിച്ചറിയാന്‍ : http://en.wikipedia.org/wiki/Lagoon

വിസ്തൃതമായ ലഗൂണുകളുള്ള ബങ്കാരം ദ്വീപ്

ദൂരെ ഒരു പൊട്ടു പോലെ കാണുന്നത് കിങ് ഫിഷര്‍ ഗ്രൂപ്പിന്റെ ഉടമ വിജയ് മല്യ കുളിച്ച് താമസിക്കുന്ന ‘ചെറിയ’ ഒരു യോട്ട്. ഈ യോട്ട്, വലിപ്പത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണെന്നാണ് പറയപ്പെടുന്നത്. വിജയ് മല്യയുടെ ഇഷ്ടവിനോദങ്ങളിലൊന്നാണ് മണിക്കൂറുകളോളം വെള്ളത്തിനടിയിലുള്ള ഡൈവിങ്.

കാസിനോ ഗ്രൂപ്പിന്റെ, ബങ്കാ‍രം ദ്വീപിലുള്ള ഒരു റിസോര്‍ട്ട്. ഇത്തരം റിസോര്‍ട്ടുകളാണ് ബങ്കാരം ദ്വീപിലൊട്ടാകെ. വെറും ഓലയും മുളയും കൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം റിസോര്‍ട്ടുകള്‍ക്ക് ദിവസം പതിനായിരം!!!!! രൂപയാണ് ഒരാള്‍ക്കുള്ള താമസച്ചെലവ്!!!!!!


ഫ്രഞ്ചുകാരനായ ഒരു സായിപ്പ്, അദ്ദേഹം പിടിച്ചത് എന്നവകാശപ്പെടുന്ന മീനുമായി. ‘ഓലമീന്‍’ എന്നറിയപ്പെടുന്ന ഈ മീനിന്റെ പ്രത്യേകത ഓല പോലെയിരിക്കുന്ന ഇതിന്റെ ചിറകുകളും കൂര്‍ത്ത ചുണ്ടുകളുമാണ്.

മറ്റൊരു സായിപ്പ്. കാനഡ സ്വദേശിയായ ശ്രീ. ലൂക്ക്. ഞങ്ങളോടൊപ്പമായിരുന്നു ഇദ്ദേഹത്തിന്റെ താമസം. നല്ലൊരു മുങ്ങല്‍ വിദഗ്ദ്ധന്‍ കൂടിയാ‍യ ഇദ്ദേഹത്തിന്റെ പക്കല്‍ വെള്ളത്തിനടിയില്‍ ചിത്രമെടുക്കാന്‍ കഴിയുന്ന ക്യാമറയും മറ്റു സജ്ജീകരണങ്ങളുമുണ്ട്.


ബങ്കാരം ബീച്ച്
ദ്വീപുകളിലേക്ക് കേരളത്തില്‍ നിന്നും ചരക്കുകള്‍ കൊണ്ടു വരുന്ന വലിയ ഉരു. ഇതിനെ ദ്വീപുകാര്‍ ‘മഞ്ചു’ എന്നാണ് വിളിക്കുന്നത്. ബീച്ചിനോട് ചേര്‍ന്ന് തന്നെയാണ് ഉരു അടുപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആ ഭാഗത്ത് എത്രത്തോളം ആഴമുണ്ടാകുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ!!!!

ബങ്കാരം ദ്വീപിനടുത്തു കിടക്കുന്ന തിണ്ണകര എന്ന ദ്വീപ്. ആള്‍ത്താമസമില്ലാത്ത ഈ ദ്വീപിലെ ഭൂമി മുഴുവന്‍ പല ഭൂവുടമകളില്‍ നിന്നായി പാട്ടത്തിനെടുത്ത് ഇവിടം റിസോര്‍ട്ടുകള്‍ തുടങ്ങാനാണ് വിജയ് മല്യയുടെ പദ്ധതി.


ബങ്കാരം ദ്വീപിലെ ഹെലിപാഡ്

ബീച്ചില്‍ അടിഞ്ഞുകിടക്കുന്ന പവിഴപ്പുറ്റിന്റെ അവശിഷ്ടങ്ങള്‍. ഇതില്‍പ്പെടുന്ന ‘ജെല്ലി’ എന്നറിയപ്പെടുന്ന അവശിഷ്ടങ്ങള്‍ ദ്വീപുകാര്‍ കോണ്‍ക്രീറ്റ് മിക്സായി ഉപയോഗിക്കുന്നു.


ബങ്കാരം ബീച്ചിലെ ആഴം കുറഞ്ഞ ഭാഗം. ദൂരെ കടും നീല നിറത്തില്‍ ഒരു വര പോലെ കാണുന്നയിടം വരെ നമുക്ക് നടന്ന് പോകാന്‍ കഴിയും. വലത് വശം മുകളിലായി കാണുന്നത് തിണ്ണകര ദ്വീപ്.

അഗത്തി ബീച്ച്


ദ്വീപിലെ പ്രധാന വാഹനം. ദ്വീപിലെ മിക്ക കുടുംബങ്ങള്‍ക്കും സ്വന്തമായി ഇത്തരം ചെറിയ വഞ്ചികളുണ്ട്. കടല്‍ത്തീരത്തു ചെന്നാല്‍ ഇത്തരം ധാരാളം വഞ്ചികള്‍ കാണാം.

കല്‍പ്പെട്ടി ദ്വീപിലേക്കൊരു യാത്ര

ഇടത് വശം കാണുന്നത് അഗത്തി ദ്വീപും വലതു വശം കാണുന്നത് ജനവാസമില്ലാത്ത കല്‍പ്പെട്ടി ദ്വീപുമാണ്. അഗത്തിയിലെ വിമാനത്താവളത്തിന്റെ ഒരറ്റമാണ് ചിത്രത്തില്‍ കാണുന്നത്. രണ്ട് ദ്വീപുകള്‍ക്കും ഇടയിലുള്ള ഭാഗത്ത് വെള്ളത്തിന് നല്ല ഒഴുക്കുണ്ട്. എന്നാല്‍ വേലിയിറക്ക സമയത്ത് ഒരു ദ്വീപില്‍ നിന്ന് മറ്റേ ദ്വീപിലേക്ക് ആളുകള്‍ നടന്നു പോകാറുണ്ട്.


കല്‍പ്പെട്ടിയില്‍ കാണപ്പെട്ട, തൊട്ടാവാടി പോലെയുള്ള പൂക്കള്‍


ഇത് ‘ബീക്കുഞ്ഞിപ്പാറ’. നേരത്തേ ഇവിടെ വലിയ ഒരു പാറയായിരുന്നു. ബീക്കുഞ്ഞിപ്പാറ എന്ന് പേര് വന്നതിനു പിന്നില്‍ ഒരു കഥയാണ്. പണ്ട്, ബ്രിട്ടീഷ് ഭരണകാലത്ത്, ബീക്കുഞ്ഞി എന്ന സ്ത്രീയെ ബ്രിട്ടീഷുകാര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നും, രക്ഷപ്പെടാനായി അവര്‍ ഈ പാറയുടെ ഇടുക്കിലേക്ക് കയറിപ്പോയെന്നും പിന്നീട് തിരിച്ചു വന്നില്ലെന്നുമാണ് ഐതിഹ്യം.

കല്‍പ്പെട്ടി ദ്വീപിലെ സൂര്യാസ്തമയം
കൂടുതല്‍ ചിത്രങ്ങള്‍ക്ക് : http://www.flickr.com/photos/21748173@N07/